റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിയെ ഒഴിവാക്കിയാണ്, അന്തിമ ടീമിനെ പരിശീലകൻ ജോർജ് സാംപോളി പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുളുണ്ടായിരുന്ന പൗളോ ഡിബാലയെ എന്നാൽ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റർ മിലാന് ടീമിനുവേണ്ടി സീസണിൽ മിന്നുന് പ്രകടനമാണ് ഇക്കാർഡി നടത്തിയത്. സെരി എയിൽ 29 ഗോളുകൾ നേടിയ ഇക്കാർഡിയുടെ ചിറകിലേറിയാണ് ഇന്റർ മിലാന് ആറ് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. അതേസമയം ദേശീയ ടീമിൽ ഇക്കാർഡി സ്ഥാനം പ്രതീക്ഷിക്കേണ്ടന്ന് നേരത്തെ തന്നെ സാംപോളി പറഞ്ഞിരുന്നു. ഡിബാലയക്ക് പുറമേ, ലയണൽ മെസി, സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വെയിൻ എന്നിവരാണ് മുൻനിരയിൽ.
ലൂക്കാസ് ബിഗ്ലിയ, എവർ ബനേഗ, മാനുവൽ ലാൻസിനി, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയ മധ്യനിരയിൽ ഇടംപിടിച്ചു. ഹെവിയർ മഷറാനോ, നിക്കോളാസ് ഓട്ടാമെൻഡി, മാർക്കസ് റോജോ, ഫെഡ്രിക്കോ ഫാസിയോ എന്നീ സൂപ്പർ താരങ്ങൾ പിൻനിരയിലുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ടീമിന്റെ വലകാത്ത സെർജി റോമോറോ, ചെൽസിയുടെ വില്ലി കാബല്ലെറോ എന്നിവർ ഗോൾക്കീപ്പർമാരാണ്.ലോകകപ്പിൽ ഐസ്ലൻഡ്, നൈജീരിയ, ക്രൊയേഷ്യ എന്നിവരടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് അർജന്റീന കളിക്കുന്നത്.

Comments
Post a Comment