സ്വപ്ന ഫൈനലിലേക്കുള്ള വഴി (ബ്രസീല്‍ -അര്‍ജന്റീന )

ബ്രസീലിന്റെ വഴി

ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍മാര്‍ പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടത് ഗ്രൂപ്പ് എഫ് റണ്ണേഴ്‌സ് അപ്പിനെയാണ.് ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, കൊറിയ ടീമുകളാണ്. നിലവിലെ ലോകചാമ്പ്യന്‍മാരും കരുത്തരുമായ ജര്‍മനി ഗ്രൂപ്പില്‍ ഒന്നാമതെത്താം. രണ്ടാമത്തെ ടീം മെക്‌സിക്കോയോ സ്വീഡനോ ആകാം. ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ മെക്‌സിക്കോ അല്ലെങ്കില്‍ സ്വീഡന്‍. രണ്ടിലാരായാലും ബ്രസീല്‍ ജയിക്കാനാണ് സാധ്യത.

അടുത്ത ഘട്ടം ക്വാര്‍ട്ടര്‍. അവിടെ ബ്രസീലിനെ കാത്തിരിക്കുന്നത് ബെല്‍ജിയമോ ഇംഗ്ലണ്ടോ ആകാം. ഗ്രൂപ്പ് ജി ചാമ്പ്യന്‍മാരും ഗ്രൂപ്പ് എച്ച് റണ്ണേഴ്‌സ് അപ്പും തമ്മിലാണ് ഒരു പ്രീക്വാര്‍ട്ടര്‍. ബെല്‍ജിയം, പാനമ, ഇംഗ്ലണ്ട്, ടുണീഷ്യ ടീമുകളാണ് ഗ്രൂപ്പ് ജിയില്‍. ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാരും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരുമായേക്കാം. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുള്ള സാധ്യതയുണ്ട്. കൊളംബിയ, സെനഗല്‍, പോളണ്ട്, ജപ്പാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എച്ചില്‍. കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ സെനഗല്‍ രണ്ടാമതെത്തിയേക്കാം. തിരിച്ചും സംഭവിക്കാം. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെയോ ഇംഗ്ലണ്ടിനെയോ നേരിടുക കൊളംബിയയോ സെനഗലോ ആവാം. അതില്‍ ജയിക്കുന്ന ടീമാവും ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ബെല്‍ജിയമായാലും ഇംഗ്ലണ്ടായാലും സെനഗലായാലും കൊളംബിയ ആയാലും ബ്രസീലിന് വലിയ ഭീഷണിയുണ്ടാകാനിടയില്ല.

ക്വാര്‍ട്ടറും കടന്ന് ബ്രസീല്‍ ഇതാ സെമിയിലേക്ക്.

സെമിയില്‍ ബ്രസീലിനെ കാത്തിരിക്കുന്നത് മിക്കവാറും ഫ്രാന്‍സാവും. ഓസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളുള്‍പ്പെട്ട ഗ്രൂപ്പ് സി യിലാണ് ഫ്രാന്‍സ്. അവര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായേക്കാം. പ്രീക്വാര്‍ട്ടറില്‍ അവരുടെ എതിരാളികള്‍ പോര്‍ച്ചുഗലോ ഉറുഗ്വായിയോ ആകാനാണ് സാധ്യത. റഷ്യയും സൗദിയും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് ഉറുഗ്വായ്. അവരാകും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറാന്‍, മൊറോക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരും പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനക്കാരുമായേക്കാം. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരും ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പും തമ്മിലാണ് ക്വാര്‍ട്ടര്‍. അങ്ങനെ ഉറുഗ്വായ് - പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍.

ഫ്രാന്‍സിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍, ഗ്രൂപ്പ് ഡി റണ്ണേഴ്‌സ് അപ്പാവാന്‍ സാധ്യതയുള്ള നൈജീരിയയാവാം. ഫ്രാന്‍സ് ജയിക്കുന്നു. ക്വാര്‍ട്ടറില്‍ അവര്‍ക്ക് തോല്പിക്കേണ്ടത് ഉറുഗ്വായെയോ പോര്‍ച്ചുഗലിനെയോ. അതും ജയിച്ചാല്‍ പിന്നെ ഫ്രാന്‍സ്- ബ്രസീല്‍ സെമിഫൈനല്‍. ബ്രസീല്‍ ആ കടമ്പ കടക്കാതിരിക്കുമോ? അങ്ങനെ നമ്മള്‍ ബ്രസീലിനെ ഒരുവിധം ഫൈനിലലെത്തിച്ചു!

അര്‍ജന്റീനയുടെ വഴി>/p>

ഇനി അര്‍ജന്റീനയുടെ കാര്യം. അതത്ര എളുപ്പമല്ല, എങ്കിലുമൊന്ന് ശ്രമിച്ചുനോക്കാം. ഗൂപ്പ് ഡി ചാമ്പ്യന്‍മാരാകുന്ന അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ ഗ്രൂപ്പ് സി റണ്ണേഴ്‌സ് അപ്പാവുന്ന ഡെന്‍മാര്‍ക്കാവും. പ്രീക്വാര്‍ട്ടര്‍ കടമ്പ വലിയ തടസ്സങ്ങളില്ലാതെ അവര്‍ മറികടന്നേക്കാം. ക്വാര്‍ട്ടറില്‍ ഒരുപക്ഷേ, അവര്‍ ചെന്നുവീഴുക സ്‌പെയിനിന്റെ വായിലേക്കാവും. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരും ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പും തമ്മിലാണ് ഒരു പ്രീക്വാര്‍ട്ടര്‍. അത് മിക്കവാറും സ്‌പെയിന്‍ - റഷ്യ ആയിരിക്കും. സ്‌പെയിന്‍ ജയിക്കുന്നു. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന. ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്‍മാരാകുന്നത് പോര്‍ച്ചുഗല്‍ ആണെങ്കില്‍ അര്‍ജന്റീന - പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ സംഭവിക്കാം. ലോകഫുട്‌ബോളിലെ രണ്ട് സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഖാമുഖം. സ്‌പെയിനായാലും പോര്‍ച്ചുഗലായാലും അര്‍ജന്റീന അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുക.

സെമിയില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് നിലവിലെ ചാമ്പ്യന്‍മാരും തോല്പിക്കാന്‍ അങ്ങേയറ്റം പ്രയാസവുമുള്ള ജര്‍മനിയാവും. ഗ്രൂപ്പ് എഫ് ചാമ്പ്യന്‍മാരാകുന്ന ജര്‍മനി പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഇ റണ്ണേഴ്‌സ് അപ്പാവുന്ന സ്വിറ്റ്‌സര്‍ലന്‍ഡുമായാവും കളിക്കുക. ജര്‍മനി ജയിക്കാം. ക്വാര്‍ട്ടറില്‍ അവര്‍ക്കു മുന്നില്‍ ഇംഗ്ലണ്ടോ സ്‌പെയിനോ ആവാം. അതും കടന്നാണ് ജര്‍മനി സെമിയില്‍ അര്‍ജന്റീനക്ക് മുന്നിലെത്തുന്നത്. യൂറോപ്യന്‍ മഹാമേരുവിനെ അര്‍ജന്റീന കീഴടക്കുമോ? മെസിയുടെ കരിയര്‍ പൂര്‍ണമാകണമെങ്കില്‍ ഒരു ലോകകിരീടം വേണ്ടേ? നമ്മള്‍ സ്വപ്‌നം കാണുകയാണ്, സാധ്യതകളില്‍ അഭിരമിക്കുകയാണ്. ആ സ്വപ്‌നത്തില്‍ അര്‍ജന്റീന ഇതാ ഫൈനലില്‍!

അര്‍ജന്റീന - ബ്രസീല്‍ ഫൈനല്‍!

ജൂലായ് 15ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ അത് സംഭവിക്കുമോ? നമുക്ക് കാത്തിരിക്കാം

Comments