റയൽ മാഡ്രിഡും ബാഴ്സലോണയും ചേർന്ന സ്പെയിൻ ടീം...

ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ 23 കളിക്കാരിൽ 17 കളിക്കാരും ലാലിഗയിൽ നിന്നും... ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും ചെൽസിയുടെ സൂപ്പർ താരങ്ങളായ മൊറാട്ട, അലോൺസോ, ഫാബ്രിഗസ് എന്നിവർ പുറത്ത്. അലോൺസോക്കും ഫാബ്രിഗസിനും ടീമിലിടം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒരു മികച്ച സ്ട്രൈക്കർ എന്ന നിലയിൽ മൊറാട്ടക്ക് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ റയലിൽ നിന്നും ചെൽസിയിലേക്ക് കൂടുമാറിയതിനു ശേഷം ഫോലെത്താൻ കഴിയാത്തതാണ് താരത്തിന് തിരിച്ചടിയായത്. എഴുപതു മില്യൺ യൂറോയോളം മുടക്കി ചെൽസി താരത്തെ സ്വന്തമാക്കിയതിനു ശേഷം നാൽപത്തിയേഴു മത്സരങ്ങളിൽ നിന്നും വെറും പതിനഞ്ചു ഗോളുകളാണ് താരം നേടിയത്. സ്പെയിനു വേണ്ടി 23 മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും താരത്തെ ഒഴിവാക്കാൻ ലൊപടുയി തീരുമാനിക്കുകയായിരുന്നു.

മൊറാട്ടക്കു പകരം ഇയഗോ ആസ്പാസ്, റോഡ്രിഗോ മൊറേനോ, ഡീഗോ കോസ്റ്റ എന്നിവരെയാണ് സ്പെയിൻ ദേശീയ ടീമിലേക്ക് സ്ട്രൈക്കർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ചെൽസിയുടെ പ്രതിരോധ താരമായ ആസ്പ്ലിക്യുയറ്റ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആഴ്സനലിനു വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ പ്രതിരോധ താരം നാച്ചോ മൊൺറിയലും ടീമിൽ ഇടം നേടിയിട്ടുണ്ട്. റാമോസ്, നാച്ചോ, അഡ്രിസോള, ആൽബ, കർവാഹാൾ, പിക്വ എന്നിവരാണ് പ്രതിരോധത്തിലെ മറ്റു താരങ്ങൾ. ഡി ഗിയ, കെപ, പെപെ റെയ്ന എന്നിവരാണ് ഗോൾകീപ്പർമാർ.

അത്ലറ്റികോ മാഡ്രിഡിന്റെ ഇരട്ട താരങ്ങളായ കോക്കെയും സൗളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇനിയേസ്റ്റ, സിൽവ, ഇസ്കോ, ബുസ്ക്വസ്റ്റ്സ്, തിയാഗോ എന്നിവരാണ് മധ്യനിരയിലെ താരങ്ങൾ. അതേ സമയം മധ്യനിരയിലും പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ബാഴ്സ താരം സെർജി റോബർട്ടോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അസെൻസിയോ, ലൂകാസ് വാസ്ക്വസ് എന്നിവരാണ് മുന്നേറ്റനിരയിലെ മറ്റു താരങ്ങൾ.

Comments

Post a Comment