1998 ലെ ലോകകപ്പെന്നാല്‍ അത് സൈനുദ്ദീന്‍ സിദാന്റെ ലോകകപ്പാണ്-86 ലെ ലോകകപ്പ് മറഡോണയുടെ ലോകകപ്പ് എന്നറിയപ്പെടുന്നത് പോലെ. റൊണാള്‍ഡോ ഉള്‍പ്പെടെ ബ്രസീലിന്റെ സൂപ്പര്‍ സംഘം കളിച്ചിട്ടും സ്റ്റഡെ ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കണ്ടത് സിദാന്റെ രണ്ട് തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളുകളായിരുന്നു. മിഷല്‍ പ്ലാറ്റിനി എന്ന ഇതിഹാസത്തിന് പോലും നേടാന്‍ കഴിയാത്ത കാര്യമാണ് ഫ്രഞ്ച് ലോകകപ്പ് ചരിത്രത്തില്‍ സിദാന്‍ നേടിയത്. ബ്രസീലിന് അത്ര എളുപ്പമായിരുന്നില്ല തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍. പ്രാഥമിക റൗണ്ട് പോരാട്ടത്തില്‍ നോര്‍വെയോട് അവര്‍ അപ്രതീക്ഷിതമായി തോറ്റത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. പക്ഷേ ഗ്രൂപ്പിലെ മൊറോക്കോ, സ്‌ക്കോട്ട്‌ലാന്‍ഡ് എന്നിവരെ എളുപ്പത്തില്‍ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമന്മാരായി. ആതിഥേയരായ ഫ്രാന്‍സിന് ഗംഭീര തുടക്കമായിരുന്നു. ദക്ഷിണാഫ്രിക്കയെ മൂന്ന് ഗോളിനും സഊദി അറേബ്യയെ നാല് ഗോളിനും ഡെന്മാര്‍ക്കിനെ 2-1 നും പരാജയപ്പെടുത്തി ആറ് പോയന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് വന്നു. അര്‍ജന്റീനക്കാരും മോശമാക്കിയില്ല. ജപ്പാനെയും (1-0), ജമൈക്കയെയും (5-0), ക്രൊയേഷ്യയെും (1-0) അവര്‍ എളുപ്പത്തില്‍ പരാജയപ്പെടുത്തി.
നോക്കൗട്ട് ഘട്ടത്തില്‍ ബ്രസീല്‍ കരുത്തും വേഗതയും പ്രകടമാക്കി 4-1 ന്റെ വലിയ മാര്‍ജിനില്‍ അയല്‍ക്കാരായ ചിലിയെ വാരിക്കളഞ്ഞു. റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന പ്രീ ക്വാര്‍ട്ടറായിരുന്നു ഏറെ ആവേശകരം. നിശ്ചിത സമയത്ത് 2-2 ല്‍ നിന്ന മല്‍സരം ഷൂട്ടൗട്ടിലേക്ക് ദീര്‍ഘിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ നിര്‍ഭാഗ്യം പിടികൂടി. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും സനേറ്റിയും അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയപ്പോള്‍ അലന്‍ ഷിയററും മൈക്കല്‍ ഓവനും ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ പക്ഷേ ഇന്‍സിനും ബാറ്റിക്കും പിഴച്ചതായിരുന്നു ഇംഗ്ലണ്ടിന് ക്ഷീണമായത്. ഫ്രാന്‍സിന് പരാഗ്വേ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ബ്ലാങ്കിന്റെ ഗോള്‍ ആതിഥേയര്‍ക്ക് കരുത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ രാജകീയമായിരുന്നു. ഫ്രാന്‍സിന് മുന്നില്‍ ഇറ്റലി. 90 മിനുട്ട് ഗോളില്ല. അധികസമയത്തും ഗോളില്ല. ഷൂട്ടൗട്ടില്‍ സിദാനും ട്രസിഗെയും ഹെന്‍ട്രിയും ബ്ലാങ്കും പന്തിനെ വലയിലക്കിയപ്പോള്‍ റോബര്‍ട്ടോ ബാജിയോ വില്ലനായില്ല. പകരം അല്‍ബെര്‍ട്ടിനിക്കും ഡി ബാജിയോക്കും പിഴച്ചു. ഫാബിയാന്‍ ബര്‍ത്തേസ് എന്ന മൊട്ടത്തലയന്‍ ഗോള്‍ക്കീപ്പര്‍ അങ്ങനെ താരമായി മാറി. ബ്രസീല്‍ 3-2ന് ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചു. അര്‍ജന്റീനയെ കാത്തിരുന്നത് പരാജയമായിരുന്നു. പാട്രിക് ക്ലൂവര്‍ട്ടും ഡെന്നിസ് ബെര്‍കാംപുമെല്ലാം കളിച്ച ഡച്ച് സൈന്യം ബാറ്റിയുടെ ടീമിനെ നിസ്സഹായരാക്കി. 2-1 നായിരുന്നു ഡച്ചുകാരുടെ വിജയം. നാലാം ക്വാര്‍ട്ടറില്‍ ക്രൊയോഷ്യ മൂന്ന് ഗോളിന് കരുത്തരായ ജര്‍മനിയെ തകര്‍ത്തു. ഡേവിഡ് സൂക്കര്‍ അരങ്ങ് തകര്‍ത്ത മല്‍സരം. ആദ്യ സെമി മാര്‍സലിയില്‍ ബ്രസീലും ഹോളണ്ടും തമ്മില്‍. രണ്ട് നിരയിലും ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരനിര. റൊണാള്‍ഡോ 48-ാം മിനുട്ടില്‍ ബ്രസീലിന് ലീഡ് നല്‍കി. മല്‍സരമവസാനിക്കാന്‍ മൂന്ന് മിനുട്ട് ബാക്കിനില്‍ക്കെ ക്ലൂവര്‍ട്ട് ഡച്ുകാരുടെ മാനം കാത്തു. അധികസമയത്തും സമനില. പിന്നെ ഷൂട്ടൗട്ട്. ടഫറേല്‍ എന്ന ഗോള്‍ക്കീപ്പര്‍ രക്ഷകനായി പിറന്നു. റൊണാള്‍ഡോ, റിവാള്‍ഡോ, എമേഴ്‌സണ്‍,ഡുംഗ എന്നിവരുടെ ഷോട്ടുകള്‍ ഗോളായപ്പോല്‍ ഡച്ച് സംഘത്തിലെ കോക്കുവിനും ഡി ബോയറിനും പിഴച്ചു. സെന്റ് ഡെന്നിസിലെ സ്വന്തം മൈതാനത്ത് സിദാനും സംഘവും സെമിയില്‍ നേരിട്ടത് അട്ടിമറി വീരന്മാരായ ക്രോട്ടുകാരെ. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം സൂക്കര്‍ ഫ്രാന്‍സിനെ ഞെട്ടിച്ചു. എന്നാല്‍ ഡിഫന്‍ഡര്‍ ലിലിയന്‍ തുറാമിന്റെ രണ്ട് ഗോളുകള്‍ ആതിഥേയര്‍ക്ക് തുണയായി. ഹോളണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. കിരീട പോരാട്ടത്തില്‍ സ്റ്റഡെ ഡി ഫ്രാന്‍സ് സ്‌റ്റേഡിയം നിറഞ്ഞ് തുളുമ്പി.
ബ്രസീലിന്റെ സൂപ്പര്‍ താരം റൊണാള്‍ഡോ ഫൈനല്‍ ടീമില്ലില്ല എന്നതായിരുന്നു ആദ്യ വാര്‍ത്ത. അദ്ദേഹത്തെ ചുഴലി രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് വന്നു. പക്ഷേ മല്‍സരത്തിന് തൊട്ട് മുമ്പ് റൊണാള്‍ഡോയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. പത്താം നമ്പറില്‍ സിദാനും അതേ നമ്പറില്‍ റൊണാള്‍ഡോയും. ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നയിച്ച ടീം. ഇരുവരും പതാക കൈമാറുന്നതാണ് ചിത്രം. റോബര്‍ട്ടോ കാര്‍ലോസ് വഴങ്ങിയ കോര്‍ണര്‍ കിക്കിലൂടെ സിദാന്റെ ആദ്യ ഗോള്‍ 27-ാം മിനുട്ടില്‍. സുന്ദരമായ ഹെഡ്ഡര്‍. ഒന്നാം പകുതിയുടെ അവസാനത്തില്‍ അതേ ശൈലിയില്‍ മറ്റൊരു ഹെഡ്ഡറും ഗോളും-സ്‌റ്റേഡിയം ഇരമ്പി മറിഞ്ഞു. ഏത് വിധേനയും ഗോളടിക്കാനുളള ശ്രമത്തില്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ സ്വന്തം പ്രതിരോധവും മറന്നു. അങ്ങനെ കിട്ടിയ അവസരത്തില്‍ ഇമാനുവല്‍ പെറ്റിറ്റ് ഫ്രാന്‍സിന്റെ മൂന്നാം ഗോളും നേടി. ഫ്രഞ്ച് പ്രസിഡണ്ട് ജാക്വസ് ചിറാക് ക്യാപ്റ്റന്‍ ദീദിയര്‍ ദെഷാംപ്‌സിന് കപ്പ് കൈമാറി.

Comments
Post a Comment