സംഭവം ഒക്കെ ശരി തന്നെ പക്ഷെ ഇങ്ങനെ വേണമായിരുന്നോ .

പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിയിലായ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാല്‍ താരങ്ങള്‍ക്കെതിരെ എടുത്ത ശിക്ഷാ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുത്ത നിലപാട് കടുത്തു പോയെന്നാണ് വോണ്‍ പറയുന്നത്.‘അവര്‍ ചെയ്ത് തെറ്റ് വലുതാണ്. ന്യായീകരിക്കാന്‍ കഴിയാത്തതുമാണ്. ശിക്ഷ എന്തായിരിക്കണം എന്നതിനെ കുറിച്ച് എനിക്കും ആശയക്കുഴപ്പമുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തെ വിലക്ക്, അത് കടുത്തു പോയി’ വോണ്‍ പറഞ്ഞു.

നേരത്തെ തയ്യാറാക്കിയ ചതിയില്‍ ഓസ്ട്രേലിയന്‍ ടീമിനും പങ്കുണ്ടെന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതായിരുന്നുന്നെന്നും വോണ്‍ പറഞ്ഞു. അവരുടെ തെറ്റിനെ ന്യായികരിക്കാന്‍ കഴിയില്ല. നമ്മളെല്ലാവരും ദു:ഖിതരും രോക്ഷാകുലരുമാണ്. പക്ഷേ ഒരു വര്‍ഷത്തെ വിലക്കല്ല അതിനുള്ള മറുപടി. നാലാമത്തെ ടെസ്റ്റില്‍ നിന്നും വിലക്ക്, വലിയ തുക പിഴ, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കുക എന്നിവയായിരിക്കും താന്‍ നല്‍കുന്ന ശിക്ഷയെന്നും അവരെ കളിക്കാന്‍ അനുവദിക്കുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു. ഒരു പത്രത്തിലെഴുതിയ കോളത്തിലാണ് വോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിനിടെയാണ് ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്.

തുടര്‍ന്ന് സ്മിത്തിനെതിരെ ഒരു മത്സരത്തിലെ വിലക്കും ബാന്‍ക്രോഫ്റ്റിനെതിരെ 75 ശതമാനം മാച്ച് ഫീസ് പിഴയുമായിരുന്നു ഐസിസി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വാര്‍ണറും സ്മിത്തും ഐപിഎല്‍ കളിക്കില്ലെന്നും ഉറപ്പായി. നേരത്തെ ഇരുവരേയും നായക സ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസസ് ഹൈദരാബാദും പുറത്താക്കിയിരുന്നു.

ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ പ്രഥമ അന്വേഷണത്തില്‍ സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്കാര്‍ക്കും പന്ത് ചുരണ്ടലില്‍ പങ്കില്ല. പരിശീലകന്‍ ഡാരന്‍ ലേമാനോ, സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കോ ഈ കാര്യത്തെക്കുറിച്ച് നേരത്തെ അറിവില്ലായിരുന്നു. അത് കൊണ്ടു തന്നെ ഓസീസ് പരിശീലകനായി ഡാരന്‍ ലേമാന്‍ തുടരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

Comments