അയാളാണ് എന്റെ വിജയത്തിന് മുഖ്യ കാരണം .

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ മുൻ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയിൻ ബ്രാവോ. വിലക്കിനെത്തുടർന്ന് ചെന്നൈ കളിക്കാതിരുന്ന കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്ത് ലയൺസിനൊപ്പമായിരുന്നു ബ്രാവോ. ചെന്നൈക്കൊപ്പം ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ബ്രാവോ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഡെത്ത് ബോളർമാരിലൊരാളായാണ് അറിയപ്പെടുന്നത്. അവസാന ഓവറുകളിലെ മാന്ത്രിക ബോളിംഗിലൂടെ നിരവധി മത്സരങ്ങളിൽ ബ്രാവോ ചെന്നൈയെ വിജയത്തിലെത്തിച്ചിട്ടുണ്ട്. പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ ഡെത്ത് ബോളിംഗ് മികവിനെക്കുറിച്ച് ബ്രാവോ മനസ് തുറന്നു.തന്റെ ഡെത്ത് ബോളിംഗ് മികവിന് കാരണം ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ആണെന്നാണ് ബ്രാവോയുടെ പക്ഷം. ധോണി മുൻ വർഷങ്ങളിൽ എന്റെ ബോളിംഗിൽ വിശ്വാസം കാണിച്ചു‌. തുടർച്ചയായി അദ്ദേഹം എനിക്ക് അവസാന ഓവറുകൾ എറിയാൻ തന്നു. ക്യാപ്റ്റൻ തന്റെ ബോളിംഗിൽ വിശ്വസിക്കുന്നുണ്ടെന്നത് തനിക്ക് ആത്മവിശ്വാസം നൽകി. ഫലമായി ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാൻ എനിക്ക് സാധിച്ചു. ബ്രാവോ പറഞ്ഞു. മറ്റൊരു കാരണം കൂടി ഈ മികവിന് പിറകിലുണ്ട്. ടീമിന്റെ പരിശീലനത്തിന്റെ അവസാന സമയങ്ങളിൽ താൻ ധോണിക്കെതിരെ പന്തെറിയുമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളാണ് അദ്ദേഹം. അത് കൊണ്ടു തന്നെ ധോണിക്കെതിരെ പന്തെറിയുന്നത് താനൊരു വെല്ലുവിളിയായി കണ്ടു. പരിശീലന സമയങ്ങളിൽ ഞാനും, ധോണിയും മാറി മാറി വിജയം കണ്ടിരുന്നു. ബ്രാവോ കൂട്ടിച്ചേർത്തു.

ചെന്നൈ സൂപ്പർ കിംഗ്സും, മുംബൈ ഇന്ത്യൻസും തമ്മിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിന്റെ ത്രില്ലും താരം പങ്ക് വെച്ചു. ഐപിഎല്ലിലെ എൽക്ലാസിക്കോയായാണ് ഈ പോരാട്ടത്തെ ബ്രാവോ വിശേഷിപ്പിക്കുന്നത്. ഇത് ശരിക്കും എൽ ക്ലാസിക്കോ മത്സരമാണ്. രണ്ട് കരുത്തുറ്റ ഫ്രാഞ്ചൈസികൾ, ടൂർണമെന്റിലെ ഏറ്റവും വിജയിയായ രണ്ട് ഫ്രാഞ്ചൈസികൾ തമ്മിലുള്ള പോരാട്ടം. ആരാധകർ ആ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. താനും, ബ്രാവോ പറഞ്ഞു നിർത്തി.

Comments