ആഘോഷങ്ങളുടെ ലോകകപ്പായിരുന്നു 2010-ലേത്. ആഫ്രിക്കയിലേക്ക് ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് എന്ന പ്രത്യേകത ഉണ്ടായിരുന്ന ആ ലോകകപ്പിലെ മറക്കാനാകാത്ത് പേരാണ് ദക്ഷിണാഫ്രിക്കൻ താരമായ സിഫ് ഷാബലാലയുടേത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ ലോകകപ്പ് ഗോളിന് ഉടമയാണ് ഷാബലാല.2010- ലോകകപ്പിലെ ഉദ്ഘാടന മത്സരം ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലായിരുന്നു. അതിഥേയ രാജ്യമായ ദക്ഷിണാഫ്രിക്കൻ നിരയിൽ അന്ന് ലോകമറിയുന്ന ഒരു താരമേയുണ്ടായിരുന്നുള്ളു. ഇംഗ്ലീഷ് ക്ലബ് എവർട്ടന്റെ സ്റ്റീവൻ പീനാർ. എന്നാൽ ചരിത്രനിയോഗം ഷാബലാലയ്ക്കായിരുന്നു.മത്സരത്തിന്റെ 55-ാം മിനിറ്റിൽ പുതിയ ചരിത്രം എഴുതി ഷാബലാല ഇടങ്കാൽ കൊണ്ട് തൊടുത്ത ബുള്ളറ്റ് ഷോട്ട് മെക്സിക്കൻ വലയിലേക്ക് കയറി. ഗാലറി ഇരമ്പിയാർത്തു.
ആഫ്രിക്കയിലെ ആദ്യ ലോകകപ്പ് ഗോളിനുടമ എന്ന് ഷാബലാലയുടെ പേരിനൊപ്പം ചരിത്രം എഴുതിച്ചേർത്തി. മറ്റാർക്കും ഒരിക്കലും തകർക്കാനാകാത്ത നേട്ടം. ഫിഫയുടെ മികച്ച ഗോളിനുള്ള മത്സരപ്പട്ടികയിലേക്ക് ഷാബലാലയുടെ ഈ ഗോൾ നാമനിർദേശം ചെയ്യപ്പെട്ടു.വിങ്ങറും അറ്റാക്കിങ് മിഡ്ഫീൽഡറുമായ ഷാബലാലയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2010. ലോകകപ്പിലേതുൾപ്പെടെ നാല് ഗോളുകളാണ് ആ വർഷം താരം നേടിയത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്ബോളറായും ഷാബലാല ആ വർഷം തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഷാബലാല ഇതുവരെ ദക്ഷിണാഫ്രിക്കക്കായി 91 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രീമയർ ലീഗ് ക്ലബ് കൈസർ ചീഫിന്റെ നായകൻ കൂടിയായണ് ഷാബലാല.

Comments
Post a Comment