ബ്രസീൽ ലോകത്തിന് മുന്നിൽ തല കുനിച്ചത് നാല് വർങ്ങൾക്ക് മുമ്പായിരുന്നു. പിന്നീട് മിന്നുന്ന വിജയങ്ങളോടെ ലോകകപ്പിന് യോഗ്യത നേടിയപ്പോഴും ഒളിംപിക്സിൽ ജർമനിയെ തോൽപ്പിച്ച് കരിയറിലെ ആദ്യ ഒളിംപിക് സ്വർണം നേടിയപ്പോഴും ബ്രസീലിന് സമാധാനമായിരുന്നില്ല. ഇപ്പോൾ സൗഹൃദ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ചപ്പോൾ താത്കാലിക ആശ്വാസം നേടിയിരിക്കുകയാണ് ബ്രസീൽ ആരാധകർ.സൗഹൃദ മത്സരമായിരുന്നെങ്കിലും മികച്ച ടീമുമായി തന്നെയായിരുന്നു ജർമനി ഇറങ്ങിയത്. 22 മത്സരങ്ങളായി തോൽക്കാതിരുന്ന ജർമനിയെ കെട്ടുകെട്ടിച്ചോൾ ബ്രസീൽ നിരയിൽ ശരിക്കും കലിപ്പടക്കിയത് നാല് പേരാണ്. കാരണം അന്നത്തെ കനത്ത തോൽവി നേരിട്ട ബ്രസീൽ ടീമിൽ കളിച്ച നാല് പേർ ഇന്നലേയും ടീമിലുണ്ടായിരുന്നു. മാഴ്സെലോ, പൗളിന്യോ, ഫെർണാണ്ടിന്യോ, വില്ല്യൻ എന്നിവരാണ് ജർമനിയോട് തോറ്റ ടീമിലും ജർമനിയെ തോൽപ്പിച്ച ടീമിലും കളിച്ച ബ്രസീൽ താരങ്ങൾ. വില്ല്യന്റെ മികച്ച ക്രോസിൽ നിന്നാണ് ഗബ്രിയേൽ ജീസസ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.
2014-ൽ ടീമിലുണ്ടായിട്ടും കളിക്കാനാകാതിരുന്ന ഡാനി ആൽവസും സസ്പെൻഷനിലായിരുന്ന തിയാഗോ സിൽവയും ബുധനാഴ്ച കളിച്ചു. അന്ന് പ്രതിരോധ നിരയിൽ തിയാഗോ സിൽവയുടെ അഭാവവുമായിരുന്നു ബ്രസീലിന്റെ കനത്ത തോൽവിക്ക് കാരണമായി പറഞ്ഞിരുന്നത്. 2014-ൽ കളിച്ച ഫ്രെഡും ബുധനാഴ്ച ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല.2014-ലെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച ബാസ്റ്റ്യൻ ഷ്വൈൻസ്റ്റീഗർ, ഫിലിപ്പ് ലാം, മിറോസ്ലാവ് ക്ലോസെ തുടങ്ങിയവർ വിരമിച്ചു. അന്ന് കളിച്ച ടീമിലെ ടോണി ക്രൂസ്, ജെറോം ബോട്ടെങ്ങ്, ജൂലിയൻ ഡ്രാക്സ്ലർ എന്നിവർ മാത്രമാണ് ജർമൻ ടീമിൽ കളിച്ചത്. അന്ന് ടീമിലുണ്ടായിരുന്ന മാറ്റ് ഹമ്മൽസ്, സാമി ഖെദീറ തുടങ്ങിയവർ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാനായില്ല. മെസ്യൂട്ട് ഓസിൽ, തോമസ് മുള്ളർ തുടങ്ങിയവർ ടീമിലുമുണ്ടായിരുന്നില്ല.

Comments
Post a Comment