തടവുശിക്ഷ അനുഭവിക്കുന്ന അർധസഹോദരനെ കാണാൻ ജയിലിലെത്തിയ അർജന്റൈൻ സൂപ്പർ താരം കാർലോസ് ടെവസ് അവർക്കൊപ്പം ഫുട്ബോൾ കളിച്ചു. കളിക്കിടെ പരിക്കേറ്റ ടെവസിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടിവരും. ഇതോടെ ടെവെസിന്റെ ക്ലബായ ബോക്കാ ജൂനിയേഴ്സ് അധികൃതർ കലിപ്പിലായി.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കവർച്ച നടത്തിയതിന് 16 വർഷത്തെ തടവിന് വിധിക്കപ്പെട്ടിരിക്കുകയാണ് ടെവെസിന്റെ അർധസഹോദരനായ യുവാൻ ആൽബർട്ടോ മാർട്ടിനെസ്. ടെവെസിന്റെ മറ്റൊരു ബന്ധുവും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കോർഡോബയിലെ അതീവസുരക്ഷയുള്ള ജയിലിലാണ് ഇരുവരേയും പാർപ്പിച്ചിരിക്കുന്നത്.
ഇവരെ കാണാനെത്തിയ ടെവസ്, തടവുകാർക്കൊപ്പം ഫുട്ബോൾ കളിച്ചു. ഇതിനിടെയാണ് ടെവെസിന്റെ കാൽവണ്ണയ്ക്ക് പരിക്കേറ്റത്. ടെവെസിന് പരിക്കേറ്റതോടെ പ്രധാനപ്പെട്ട പല മത്സരങ്ങളിലും നായകനില്ലാതയാകും ബോക്ക ഇറങ്ങേണ്ടി വരിക. അതേസമയം ടെവെസിന് പരിക്കേൽക്കാനിടയായ സാഹചര്യത്തിലാണ് ടീമിന് അതൃപ്തി.പരിശീലനത്തിനിടയിലോ അല്ലങ്കിൽ മറ്റ് അപകടങ്ങളെത്തുടർന്നോ പരിക്കേൽക്കുന്നത് പോലെയല്ല, അനാവശ്യമായി വരുത്തിവെച്ച പരിക്കാണെന്നാണ് ക്ലബിന്റെ ആരോപണം. മാത്രവുമല്ല പരിക്കിനെക്കുറിച്ച് ടീമിനോട് താരം കള്ളം പറഞ്ഞു എന്നും ആരോപണമുണ്ട്. അടുത്തിടെയാണ് ചൈനീസ് സൂപ്പർ ലീഗിൽ നിന്ന് തന്റെ ആദ്യ ക്ലബായ ബോക്കയിലേക്ക് ടെവെസ് മടങ്ങിയെത്തിയത്.

Comments
Post a Comment