ബ്രസീല്‍ വേറെ ലെവല്‍ ആണ് .കപ്പ് അവര്‍ക്ക് തന്നെ .

Brazil 1 x 0 Germany (Match Review)

ബെർലിൻ അധിനിവേശത്തിന്റെ ബാക്കിപത്രം

ബെർലിനിൽ കാനറിപ്പട വിജയ പതാക നാട്ടിയിരിക്കുന്നു. ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ടിറ്റെയും കുട്ടികളും വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. 22 മത്സരങ്ങളായി തോൽവിയറിയാതെ കുതിക്കുകയായിരുന്ന ജെർമ്മനി, 2016നു ശേഷം ആദ്യമായി പരാജയമറിഞ്ഞു. അതായത് ടിറ്റെയുടെ തന്ത്രങ്ങളുടെ മൂർച്ച യൂറോപ്യൻ ഫുട്ബോൾ ശക്തികളെ മുറിവേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നർത്ഥം. ലോകത്തെ ഏറ്റവും വിലയേറിയ താരം നെയ്മറില്ലാതെ നേടിയ വിജയം കൂടിയാവുമ്പോൾ അതിന്റെ മാറ്റ് കൂടുന്നു. തീർച്ചയായും ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് വല്ലാത്തൊരു ഊർജ്ജവും ആത്മവിശ്വാസവുമാണ് ഈ വിജയം സമ്മാനിച്ചിരിക്കുന്നത്.

മത്സരത്തെ അർഹിക്കുന്ന ഗൗരവത്തിൽ എടുത്ത ടിറ്റെ, മികച്ച ഇലവൻ തന്നെയാണ് ഗ്രൗണ്ടിലിറക്കിയത്. റഷ്യക്കെതിരെ കളിച്ച ടീമിൽനിന്നും ഡഗ്ലസ് കോസ്റ്റ പുറത്തിരുന്നപ്പോൾ പകരം ഫെർണാണ്ടീഞ്ഞോ കളത്തിലിറങ്ങി. വിംഗ് ബാക്കുകളായ ക്യാപ്റ്റൻ ഡാനി ആൽവസും മാഴ്സലോയും ഓവർ ലാപ്പ് ചെയ്തുപോയാൽ പ്രതിരോധത്തിൽ രൂപപ്പെടുന്ന സ്പേസ് കവർ ചെയ്യാൻ കാസിമിറോക്ക് കൂട്ടായാണ് ഫെർണാണ്ടീഞ്ഞോ വന്നത്. രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ വെച്ച് ജർമ്മനിയെ മധ്യനിരയിൽ തന്നെ തടയുക എന്നൊരു ലക്ഷ്യവും ആ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. സെൻറർ ഡിഫൻസിൽ മിറാൻഡയും തിയാഗോ സിൽവയും തന്നെ അണിനിരന്നു. പൗളീഞ്ഞോ മധ്യനിരയിലും കഴിഞ്ഞ മത്സരത്തിൽ ഡഗ്ലസ് കോസ്റ്റ കളിച്ച സ്ഥാനത്ത് കുട്ടീഞ്ഞോയും വലതു പാർശ്വത്തിൽ വില്ല്യനും മുൻനിരയിൽ പതിവുപോലെ ഗബ്രിയേൽ ജീസസുമിറങ്ങി. മറുവശത്ത് മുൻനിര താരങ്ങളായ തോമസ് മുളളർ, മെസ്യൂട്ട് ഓസിൽ, സാമി ഖദീര എന്നിവർ ഇല്ലാതിരുന്നിട്ടും ജർമനി മികച്ച നിരയെ തന്നെയാണ് കളത്തിലിറക്കിയത്. ജെറോം ബോട്ടെങ് നയിച്ച ടീമിൽ ടോണി ക്രൂസ്, മരിയോ ഗോമസ്, ഡ്രാക്സലർ, സനെ, ഗുണ്ടോഗൻ തുടങ്ങിയ പ്രമുഖരുണ്ടായിരുന്നു.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചത് ജർമനിയായിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളിലൂടെ ബ്രസീലിയൻ താരങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ആദ്യ പത്ത് മിനുട്ട് കഴിഞ്ഞതോടെ ബ്രസീൽ പതിയെ കളം പിടിച്ചു. പതിനാറാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മികച്ച അവസരം കൈവന്നത് ജെർമനിക്കായിരുന്നു. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ സാനെ ബോക്സിൽ ഡ്രാക്സ്ല്ർ വഴി പന്ത് ഗുണ്ടോഗന് എത്തിച്ചെങ്കിലും താരത്തിന്റെ ഷോട്ട് അപകടം വിതക്കാൻ പോന്നതായിരുന്നില്ല. ഇരു വിംഗുകളിലൂടെയും ജെർമനി ആക്രമണം കനപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സാനെയിൽ നിന്നും ഗോറെറ്റ്സ്കയിൽ നിന്നും ജെർമ്മൻ ഫോർവേഡ് മരിയോ ഗോമസിന് കൂടുതൽ പന്തെത്തിക്കൊണ്ടിരുന്നു. ഇരുപത്തിരണ്ടാം മിനിറ്റിലും ഇരുപത്തെട്ടാം മിനിറ്റിലും കൈവന്ന അവസരങ്ങൾ മുതലെടുക്കുന്നതിൽ നിന്നും ബ്രസീലിയൻ ഡിഫൻസ് ഗോമസിനെ സമർത്ഥമായി തടഞ്ഞു. തിയാഗോ സിൽവയും മിറാൻഡയും പ്രതിരോധത്തിൽ ഉരുക്കുപോലെ ഉറച്ചുനിൽക്കുകയായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

വില്ല്യൻ-കുട്ടീഞ്ഞോ- പൗളീഞ്ഞോ സഖ്യം മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നെങ്കിലും മുപ്പത്തിയഞ്ചാം മിനിട്ടിലാണ് ബ്രസീലിന് മത്സരത്തിലെ ഏറ്റവും സുവർണാവസരം കൈവന്നത്. കൗണ്ടർ അറ്റാക്കിൽ നിന്നും കിട്ടിയ പന്തുമായി മൈതാന മധ്യത്തിലൂടെ ജീസസ് കുതിച്ചു കയറുമ്പോൾ അന്റോണിയോ റൂഡിഗറും ജെറോം ബോട്ടെങ്ങും പിന്നാലെയുണ്ടായിരുന്നു. ഇരുവരെയും സമർത്ഥമായി അടിതെറ്റിച്ചത് ഷോട്ടുതിർത്തെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു. രണ്ട് മിനിറ്റുകൾക്കകം അതിന് ജീസസ് തന്നെ പരിഹാരം കണ്ടു! വലത് വിംഗിൽ ഡാനി ആൽവസിന്റെ പാസ് സ്വീകരിച്ച് വില്ല്യൻ കൊടുത്ത ക്രോസിന് ജീസസ് ചാടി വീണ് തലവച്ചു. ശക്തമായ ഹെഡ്ഡർ, പക്ഷേ ജെർമ്മൻ കീപ്പർ കെവിൻ ട്രാപ്പിന് നേരെയായിരുന്നു. അദ്ദേഹത്തിന്റെ കരങ്ങൾക്കിടയിലൂടെ ഊർന്ന് വീണ പന്ത് ഗോൾ വര കടന്നു, ബ്രസീൽ മുന്നിലെത്തിയിരിക്കുന്നു! പതിനഞ്ച് മത്സരങ്ങൾ ബ്രസീലിയൻ ജഴ്സിണിഞ്ഞ ജീസസിന്റെ ഒമ്പതാം ഗോൾ! ആദ്യപകുതി അവസാനിക്കുമ്പോൾ ബ്രസീൽ ആരാധകർ ആവേശത്തിലായിരുന്നു, അവരാഗ്രഹിച്ച പോലെ ടീം മുന്നിലെത്തിയിരിക്കുന്നു.

രണ്ടാം പകുതി ആരംഭിച്ചത് ബ്രസീലിയൻ ആക്രമണങ്ങളോടെയായിരുന്നു. ലീഡ് വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു. മുന്നേറ്റങ്ങളെ സഹായിക്കാൻ മാഴ്സലോ കൂടുതൽ മുന്നോട്ടു കയറി വന്നു. അമ്പത്തിയൊന്നാം മിനുട്ടിലെ കുട്ടിഞ്ഞോയുടെ ലോങ് റേഞ്ചർ ബ്രസീൽ കളിച്ച പ്രസ്സിംഗ് ഗെയിമിന്റെ ഫലമായിരുന്നു. രണ്ടുമിനിറ്റുകൾക്കപ്പുറം മാഴ്സലോയും കുട്ടീഞ്ഞോയും പൗളീഞ്ഞോയും ചേർന്ന് മനോഹരമായൊരു നീക്കം നെയ്തെടുത്തു. പൗളീഞ്ഞോയിൽ നിന്നും പന്ത് സ്വീകരിച്ച വില്ല്യന്റെ തകർപ്പനടി ജെർമ്മൻ നായകൻ ജെറോം ബോട്ടെങ്ങിന്റെ ബ്ലോക്കിൽ തട്ടിത്തെറിക്കുകയായിരുന്നു, റീബൗണ്ട് പിടിച്ചെടുത്ത് പൗളീഞ്ഞോ തൊടുത്ത ഷോട്ടാകട്ടെ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. തുടരെയുള്ള ആക്രമണങ്ങളിൽ ജർമ്മൻ ഗോൾ മുഖം വിറച്ച നിമിഷങ്ങളായിരുന്നു അത്. അമ്പത്തിയാറാം മിനുട്ടിൽ ഫെർണാണ്ടീഞ്ഞോയിൽ നിന്നും പന്ത് സ്വീകരിച്ച് കുട്ടിഞ്ഞോ ബോക്സിന് പുറത്ത് നിന്നും തന്റെ ട്രേഡ്മാർക്കായ കനത്ത ലോംഗ് റേഞ്ച് ഷോട്ടുതിർത്തെങ്കിലും പന്ത് ബാറിനു തൊട്ട് മുകളിലൂടെ പറന്നു.

മത്സരം തിരിച്ചുപിടിക്കാനായി ജർമൻ കോച്ച് ജാക്കിം ലോ തന്റെ കോമ്പിനേഷനുകളിൽ മാറ്റം വരുത്തി. മത്സരത്തിലാകെ ഉപയോഗിച്ച 5 സബ്സ്റ്റിറ്റ്യൂഷനുകളിൽ നാലെണ്ണവും രണ്ടാംപകുതിയുടെ ആദ്യ 25 മിനിറ്റിനുള്ളിൽ തന്നെ നടത്തി ടീമിനെ ചടുലമാക്കി നിർത്താൻ അദ്ദേഹം ശ്രമിച്ചു. അവസരങ്ങൾ തുലച്ച മരിയോ ഗോമസിന് പകരം സാൻഡ്രോ വാഗ്നർ വന്നത് ജെർമൻ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടി. മറുവശത്ത് ടിറ്റെ മത്സരത്തിലാകെ ഒരേയൊരു സബ്സ്റ്റിറ്റ്യൂഷനാണ് നടത്തിയത്. എഴുപത്തിമൂന്നാം മിനുട്ടിൽ കുട്ടിഞ്ഞോക്ക് പകരം ഡഗ്ലസ് കോസ്റ്റ കളത്തിലറങ്ങി. തന്റെ വേഗം കൊണ്ട് പലതവണ അദ്ദേഹം ജെർമ്മൻ പ്രതിരോധനിരയെ ബുദ്ധിമുട്ടിലാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ തിരിച്ചടിക്കാൻ ജർമ്മനി തീവ്രശ്രമം നടത്തിയതോടെ ബ്രസീൽ 6-3 -1 ഫോർമേഷനിലിക്ക് മാറി. മത്സരത്തിലുടനീളം ഉലയാതെ നിന്ന ബ്രസീലിയൻ പ്രതിരോധം പിളർത്തി ആലിസണെ പരീക്ഷിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും പക്ഷേ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഡ്രാക്സ്ലർ തൊടുത്ത മിന്നും ഷോട്ട് ആലിസൺ തട്ടിയകറ്റി. മത്സരത്തിൽ ആലിസൺ നേർക്ക് നേർക്കുനേർ നേരിടേണ്ടിവന്ന ഒരേയൊരു ഒരു ഷോട്ടായിരുന്നു അത്!

അവസാന വിസിൽ മുഴങ്ങിയപ്പോൾ ബർലിൻ അധിനിവേശം പൂർത്തിയാക്കിയതിന്റെ ആവേശത്തിലായിരുന്നു ബ്രസീലിയൻ ആരാധകർ. റഷ്യയിലെ ലോകകപ്പിലേക്കുള്ള മുന്നൊരുക്കത്തിൽ അവരുടെ ടീം ശരിയായ ദിശയിലാണ് മുന്നേറുന്നത്. നെയ്മർ കൂടിയെത്തുമ്പോൾ ഈ ടീമിൻറെ പ്രഹരശേഷി ഇരട്ടിയാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കോച്ച് ടിറ്റെയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ ഫലങ്ങളാണ് ജെർമ്മനിക്കെതിരെയും റഷ്യയ്ക്കെതിരെയും നേടിയ വിജയങ്ങൾ. ബ്രസീലിയൻ ഫുട്ബോളിൽ വളരെ ക്രിയാത്മകമായി മോഡേൺ ക്ലിനിക്കൽ ഫുട്ബോളിൾ അദ്ദേഹം സന്നിവേശിപ്പിച്ചിരിക്കുന്നു. അതും ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ തന്നെ!

#Mohamed_Rafeek

#Bfk

Comments